Friday, 24 May 2013

"ഹൃദയചുംബനം "


വരണ്ട കാറ്റിന്റെ മേലാപ്പ്
ഭൂലോകനാഥന്റെ തിരുപ്പിറവിക്ക്
ഭൂമിയുടെ വര്‍ണ്ണിപ്പ് ..
കുളിര്‍ത്ത രാവുകളില്‍ വിരിയുന്ന
തിളങ്ങും നക്ഷത്രങ്ങള്‍ ......
പൂര്‍ണ്ണാവസ്ഥയിലേക്ക് ,കടക്കും മുന്നെ
എന്നിലേക്ക് പൂത്ത,  ന്റെ " കാര്‍ത്തിക നക്ഷത്രം "
" അച്ഛാ " എന്നു തികച്ചു  വിളിക്കാതെ എന്നിലേക്ക് ചായുന്ന,
ആത്മാവിലേക്ക് കുളിര്‍ മഴയാകുന്ന ന്റെ സ്വത്ത് .
ഓരോ  മൊഴികള്‍ക്കുമവസ്സാനം കെട്ടിയുമ്മ നല്‍കുന്ന
ന്റെ കണ്ണനും, കണ്ണായ  ന്റെ കണ്മണിക്കും .."ഹൃദയചുംബനം "


{ചിത്രങ്ങള്‍  : ന്റെ രണ്ട് ചിടുങ്ങൂസുകള്‍ )

Tuesday, 21 May 2013

" നീയും , അവളും തമ്മില്‍ "


കാത്തിരിപ്പെന്നത് , പൂര്‍വ്വകാലത്തിന്റെ പൊള്ളാണ് ..
ഇന്നിന്റെ നിഴലില്‍ ചേര്‍ന്ന് പോയ നിന്നെ
ഒളിത്താവളങ്ങളില്‍ ചെന്ന് സ്പര്‍ശിക്കാനാകുന്നുവെങ്കില്‍ ..
മിഴികളില്‍ പടര്‍ന്ന തനിച്ചാകലിന്റെ നിറം പടരും മുന്നെ
നിന്നെ സ്വായത്തമാക്കാന്‍ ഹൃദയത്തിനാകുന്നുവെങ്കില്‍ ..
നിന്റെ മേടും , പീലിത്തുണ്ടും , മഞ്ചാടി മണിയും
കനവിലൂടെ എന്നില്‍ നേദിക്കാന്‍ കഴിയുന്നുവെങ്കില്‍ , അറിയുക -
പ്രീയദേ നീ എത്രയാഴത്തിലെന്റെ നിണമോട് ചേര്‍ന്നവള്‍ ...

Wednesday, 8 May 2013

"വെന്തില്ല , ഹൃദയമേ "


പൂങ്കാറ്റു  പൊഴിയുകയല്ല , തലോടുകയാണെന്ന്
മഴ വന്നു തൊടുകയല്ല , അലിയുകയാണെന്ന് ..
സ്നേഹം കട്ടെടുക്കണം , കൊണ്ട് തരലല്ല
ചോദിച്ച് വാങ്ങുന്നത് , ചോദിക്കാതെ നിറയുന്നതിന്റെ പര്യയായമല്ല
വര്‍ഷകാലം , വര്‍ഷം മുഴുവനിറങ്ങി വന്നാലും
വൃണിത ഹൃദയങ്ങളില്‍ വേവു തന്നെ ...

{ കുറെ കാലമായല്ലൊ .. ഈ വേവും കൊണ്ട് - വെന്ത് കഴിഞ്ഞെങ്കില്‍
ഇറക്കി വയ്ക്കണേ , അടിയില്‍ പിടിക്കുമെന്ന് അവള്‍ }
അവള്‍ക്കെന്നൊട് ഈയിടെയായി  മുടിഞ്ഞ കലിപ്പാണ്
ഞാന്‍ പ്രണയം നിര്‍ത്തീ സന്യസിക്കാന്‍ പോയാലോന്നാ :)
അപ്പോള്‍ ദേ അവളു പറയുവാ :
എത്രയോടിയാലും , എവിടെവരെ ? വേലിയിലെ  ഉറുമ്പ് കടിയും
കൊണ്ട് തിരികേ വന്നു എന്നോട് ചേരും , ഒന്ന് മാന്തി താടീന്ന് പറയും :)

Monday, 29 April 2013

വിടയോതാതെ ..!നാല് ദിവസ്സത്തെ പ്രണയാലിംഗനത്തിന്
ശേഷം ഇന്ന് പ്രസന്നമാണ് .. !
നി ഇല്ലാതാകുമ്പോള്‍  ഉള്ളം വേവറിയും
നി ഇല്ലാതാകുമ്പോള്‍ മാത്രം ...
ചാരെ പൊഴിയുമ്പോള്‍ , നീ പറയും പോലെ
എനിക്ക് അഹങ്കാരമാണ് ..
എങ്കിലും ന്റെ മഴേ, നീ തോ ര്‍ന്ന് കളഞ്ഞല്ലോ
ഒരു വാക്ക് ചൊല്ലാണ്ട് കടല്‍ കടന്നല്ലൊ ?

Tuesday, 23 April 2013

ഇവനെന്റെ ...!


തുമ്പിയൊന്നുയര്‍ത്തി , ഒഴുകുമൊരു പുഴയെ 
മഴയാക്കിയ ഗജം ..
നമ്മുക്കൊരേ  നിറമായിട്ടും
കണ്ണേ അഴകില്‍ നീ മുന്‍പന്‍ ...
തിരയാത്ത വീഥികളില്ല , നിന്റെ ചൂര്
മണക്കുന്ന ഇട്ടാവട്ടങ്ങളിലൊക്കെ ...
എന്നിട്ടും മനം നിറക്കാന്‍
ചെവിയാട്ടി  ശിരസ്സനക്കി 
അരികിലെത്തിയില്ലയിന്നും ..
കാഴ്ചയാണത് , നിന്റെ മേനിയിലുരസി
മഴകൊണ്ടൊരു യാത്ര.. ഞാനും നീയും മാത്രം
നിന്റെ വിപുലമാം ഗാത്രവും , പരിമിത മനസ്സും
ന്റെ കുഞ്ഞു അധരങ്ങളില്‍ നിന്നെ നിലക്ക് നിര്‍ത്തുന്ന വാക്കുമായി  ..!

(ചിത്രത്തിന് കടപ്പാട് : മാധ്യമം )

Wednesday, 17 April 2013

നാം .....


നി തീര്‍ത്ത ചില്ലു ജാലകങ്ങളില്‍
എന്റെ പ്രണയലങ്കാരത്തിന്റെ മഴ പൊട്ട് ...
എന്നെ തേടി വന്ന വെണ്‍ ശംഖില്‍
നിന്റെ സ്നേഹത്തിന്റെ കടലിരമ്പല്‍ ...
ശശാങ്കന്തരങ്ങളില്‍ വേലിയേറ്റ കലമ്പലുകള്‍.........
മഴ ... കടലില്‍ ...മനസ്സിന്റെ  ഇറക്കം ....
ഈ കടല്‍ മഴയില്‍ നാം എന്നേ നനഞ്ഞവര്‍ ...!

Saturday, 13 April 2013

വിഷുവാശംസകള്‍ ...!


നന്മയുടെ ഐശ്യര്യത്തിന്റെ ഒരു വിഷു കൂടീ ....നാട്ടിലായാലും , പ്രവാസമായാലും " വിഷു "
കൊണ്ടു തരുന്നത് ഗൃഹാതുരമായ സ്മരണകളാണ് ..പുലര്‍ച്ചേ അമ്മയുടെ നെയ്യ്വിളക്കിന്റെ മണം
കൊണ്ട് കൈകളാല്‍ കണ്ണുകളടച്ച് കരുതല്‍ വച്ച് കാര്‍ വര്‍ണ്ണന്റെ മുന്നില്‍ കൊണ്ട് ചെന്ന്
നിര്‍ത്തുമ്പൊള്‍ കണ്ണുകള്‍ പതിയെ തുറക്കുമ്പൊള്‍ ആകെയൊരു കുളിരാണ്മനസ്സിന് ...സ്വര്‍ണ്ണവര്‍ണ്ണമാല്‍
തിളങ്ങി നില്‍ക്കുന്ന ഒരൊന്നും നയനാനന്ദമാണ് ...വെടിമരുന്നിന്റെ ഗന്ധം നിറഞ്ഞ അന്തരീക്ഷവും , 
മേടചൂടും ..! അമ്മക്ക് ഇപ്പൊഴൊക്കെ എന്റെ നീളം കൊണ്ട് കൈയ്യെത്തില്ല , ഞാന്‍ എഴുന്നേല്‍ക്കുന്നത് 
തന്നെ കുനിഞ്ഞാണ് ,എനിക്ക് കണ്ണുകള്‍ പൊത്തിയാല്‍ മതി പക്ഷേ ആ കൈകളുടെ കരുതലില്‍ അതു ചെയ്യുമ്പൊളൊരു സുഖാണ് ...എല്ലാം എല്ലാം , ചോര്‍ന്ന് പൊകുന്നു , മനസ്സില്‍ നിന്നും കാഴ്ചകളില്‍ നിന്നും ..മലയാളം മരിക്കാതിരിക്കട്ടെ ,നമ്മുടെ കേരളവും , ലോകവും .. ഒരൊ നന്മയുള്ള മനസ്സും...! 
ഹൃദയത്തില്‍ നിന്നും നേരുന്നു എന്റെ പ്രീയരാം സ്നേഹിതര്‍ക്ക് വിഷുവാശംസകള്‍ ...!

Friday, 12 April 2013

നീ മടങ്ങുമ്പൊള്‍ ...!


ഒരു പകല്‍ നിന്റെ ആലയില്‍
വീണ് വെന്തുരുകുമ്പോള്‍ ബാക്കിയാകുന്നത് .....!

തുടുത്ത നിന്റെ കവില്‍ത്തടങ്ങള്‍ ജലാംശമേല്‍ക്കുമ്പോള്‍
കരുത്താര്‍ജ്ജിക്കുന്നത് നാളെയുടെ നേരിനാകും ...!


Wednesday, 10 April 2013

ഓര്‍മപ്പെടുത്തലുകള്‍ ...!

നിന്നില്‍ നിന്നുതിരുന്നതൊക്കെ
എനിക്ക് ഓര്‍മപ്പെടുത്തലുകളാണ് .....!
പകലുകളുടെ നീണ്ടയാമങ്ങള്‍ മുറിച്ച് വിറ്റ
പ്രണയത്തിന്റെ ശേഷിപ്പുകള്‍ തെരുവില്‍
തോട്ടിയുടെ കാലടികളില്‍ തട്ടി പില്‍ക്കാല
ചരിതങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകാം ...!
മണ്ണോടു വിണ്ണും  , വിണ്ണോട് മഴയും
തീര്‍ത്ത കരാറുകള്‍ കാറ്റിലാണ് പറന്നു  പോയത് ...
തെക്കെവിടെയോ ഒരു മാമരക്കൊമ്പില്‍
സൂര്യാഘാതമേറ്റവയിപ്പോള്‍ വെണ്ണീറായിട്ടുണ്ടാവാം ..!
നീ , ഓര്‍മപ്പെടുത്തി കൊണ്ടേ ഇരിക്കുന്നു ........
നിന്റെ മടിത്തട്ടല്ല , ന്റെ ശിരസ്സിനത്താണിയെന്ന് ....!

Saturday, 6 April 2013

"നിലാവ് പൂത്ത പൊല്‍"

"സമയം രാവിലെ ഒമ്പതര ... നിലാവ് പൂത്ത പൊല്‍ അബുദാബി നഗരം "
ഇളം മഞ്ഞ നിറത്തില്‍ , പൊടികാറ്റ് മൂടിയ വീഥികള്‍
ഇന്നലത്തെ കനത്ത മഴ നല്‍കിയ പ്രണയത്തില്‍ നാണിച്ച ഈന്തപനകള്‍..!
അവശേഷിപ്പിച്ച പ്രണയാശം പേറുന്ന വഴിയോര പൂവുകള്‍ ...
വരുന്ന വേനലിന്റെ കുളിര്‍പ്പ് , മനം കുളിര്‍പ്പിച്ച് വേവിലേക്ക്
നടത്തുന്ന പ്രകൃതി ...

Wednesday, 3 April 2013

ഇന്നെന്റെ ............... !
"മൂന്ന് മൂന്ന് " "33"
" മൂന്ന് " എന്ന സംഖ്യയോട് പണ്ടേ,
എനിക്ക് വല്ലാത്ത പ്രണയമുണ്ട് ...!
മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ
ഈ മണ്ണിലേക്ക് ആര്‍ത്തലച്ച് വരുമ്പോള്‍
ഭൂമി വേനലിന്റെ വരള്‍ച്ചയിലായിരുന്നു ..
മഴയോട് എനിക്കിത്ര ഇഷ്ടവും അതിനാലാവണം ...!
അമ്മ , നിറമിഴിയോടെ മരണത്തിന്റെ നനുത്ത
പ്രതലത്തിലേക്ക് കടന്ന് പോകുമെന്ന് ഭയന്ന്
എല്ലാ കണ്ണുകളും അമ്മയുടെ കൂടെയായപ്പോള്‍
ഒറ്റപ്പെട്ട്  പോയിരുന്നു ഞാന്‍ .. മരണം എന്റെ മുന്നില്‍ വന്ന്
നിഷ്കളങ്കമായി ചിരിച്ചത് എനിക്കോര്‍മയില്ല എങ്കിലും
അമ്മക്ക് വേണ്ടി എന്റെ ജീവനെടുക്കാന്‍ ഞാന്‍ അന്നു സമ്മതിക്കുമായിരുന്നു
എനിക്ക് കാര്യഗൗരവം ഉണ്ടായിരുന്നെങ്കില്‍ ..........!
ദൈവം എനിക്കെന്റെ അമ്മയേയും , അമ്മക്ക് ഈ മകനേയും
തിരികേ നല്‍കി .. ഇന്നും ഞങ്ങള്‍ക്കിടയില്‍ നില നിന്നു  പോകുന്ന
സ്നേഹത്തിന്റെ കടുത്തൊരു ആവരണമുണ്ട് , ഞാന്‍ തീര്‍ത്തുമൊരു
അമ്മ കൊതിയനാണ് .. എന്റെ ആദ്യ പ്രണയവും , ന്റെ അമ്മയോട് തന്നെ
എന്തൊക്കെ നോവുകള്‍ ഉണ്ടായാലും ആ സ്നേഹമെന്നെ
വല്ലാണ്ട് സ്വാധീനിച്ചിട്ടുണ്ട് .. കരളില്‍ പതിഞ്ഞ് പോയ ആ സ്നേഹം ...!
ആ വേറിട്ട ചൂര് , എത്ര വേനലിലും മഴ തരുന്ന ഫീലാണെനിക്കമ്മ ...
ഒരു പ്രാര്‍ത്ഥന മാത്രം " ഈ ലോകത്ത് , അമ്മയില്ലാത്തൊരു നിമിഷം
പോലും എന്റെയുള്ളില്‍ ജീവന്‍ നിലനിര്‍ത്തരുതെ എന്നത് മാത്രം "
ഈ ജന്മദിനത്തിലും അമ്മയെ ഓര്‍ക്കാതെ ഞാന്‍ എന്തെഴുതാന്‍ ആണ് .....!
"എല്ലാ സ്നേഹവും , എല്ലാ ആശംസകളും ന്റെ ജീവന്റെ ജീവന് .."
എന്നു പറയുമ്പോള്‍ അച്ഛന്‍ കുട്ടി പിണങ്ങരുതെട്ടൊ .. ഞാന്‍ അമ്മയെ
ഇത്രയേറെ സ്നേഹിക്കുന്നുവെങ്കില്‍ അതിന്റെ ഉറവ തന്നെ
ആ നല്ല മനുഷനില്‍ നിന്നുമാണ് , ന്റെ പാതിയെ  മറക്കുന്നില്ല ഒരിക്കലും ..!
എങ്കിലും ന്റെ അമ്മക്കുട്ടിക്ക് ... ഇന്നിന്റെ സ്നേഹം മുഴുവനും ..
അന്നിന്റെ ആ വേദനക്ക് ..
"ഐ ലവ് യൂ മൈ ഡിയര്‍ അമ്മ .. എലോട്ട് .."

Sunday, 31 March 2013

എന്റെ ഹൃദയം ...!


നീ പറത്തിവിട്ട പട്ടത്തിനറ്റത്ത്
മിഴിയുടഞ്ഞൊരു ഹൃദയമുണ്ട് .......!
കാഴ്ച മങ്ങിയേതൊ മരചില്ലയില്‍
കുരുങ്ങി കീറിയൊടുങ്ങുവാന്‍ ജന്മമെടുത്തത് ...!

Saturday, 30 March 2013

"ചില്ലക്ഷരങ്ങള്‍"

രണ്ടു മനസ്സുകള്‍ ....... ഓര്‍മകളുടെ ചില്ലുകൂട്ടുകള്‍ ...
അകം പിണക്കമഞ്ഞില്‍ മുറുകുമ്പൊള്‍ , പുറം പ്രണയമഞ്ഞിന്‍ പുതപ്പണിയുന്നു ...!

" നിള "

ഒരു വിളിപ്പേരായിരുന്നു " നിള "
ഒരു കാത്ത് വയ്ക്കലായിരുന്നു " നിള "
എന്ത് എന്ന ചോദ്യത്തിനുത്തരമായിരുന്നു " നിള "
മനസ്സൊഴുക്കുന്ന എള്ളിന്‍ നോവുകളെ  ഏറ്റെടുത്തിരുന്ന " നിള "
വെറ്റില ചേര്‍ത്ത് കുരുന്നു കാതില്‍ , ചൊല്ലിപ്പറഞ്ഞതും " നിള " തന്നെ .....!
പക്ഷേ .......... വരണ്ട് , മാറുണങ്ങി , പ്രണയം വറ്റി , മൃതി കാത്ത് ന്റെ " നിള "
പേരുകളില്‍ വര്‍ഷവും തീര്‍ത്ഥവും നിറഞ്ഞൊഴുകി , ഒരിക്കലും നിറയാതെ " നിള " തേങ്ങുന്നു.......!

Friday, 29 March 2013

നീ...!

തൊര്‍ന്ന് പൊകരുതെന്നാഗ്രഹിക്കുന്ന മഴ
തീര്‍ന്നു പൊകരുതെന്നാശിക്കുന്ന കഥ
അലിഞ്ഞ് പൊകരുതെന്ന് നിനക്കുന്ന മഞ്ഞ്
ഇതെല്ലാമായിട്ടും നീ ............
മഞ്ഞലിഞ്ഞ കഥയിലവസ്സാനം പെയ്തു തൊര്‍ന്നുവല്ലൊ .............!

Monday, 25 March 2013

എന്റെ മഴ ..!

ഇന്നെന്റെ മഴ , " മരുഭൂവില്‍ " പ്രണയസ്പര്‍ശമായ് ..!

അവള്‍ ..!

കടലുണ്ടാകുന്നത് അവള്‍ കരഞ്ഞിട്ടാത്രേ ...!
മഴ ഉണ്ടാകുന്നത് അവള്‍ പ്രണയിച്ചിട്ടാണെന്ന് ..!
പുഴയോ , അവളുടെ സ്നേഹമാണെന്ന് ...!
ഇതിപ്പൊള്‍ മഴ പൊഴിയാതേയും
പുഴ മുറിയാതേയും ............ കടലാണേല്‍  ഏറിയും ..!
അപ്പൊളവള്‍ എന്നും കരയുന്നുണ്ടാകുമല്ലേ .....?.....