"മൂന്ന് മൂന്ന് " "33"
" മൂന്ന് " എന്ന സംഖ്യയോട് പണ്ടേ,
എനിക്ക് വല്ലാത്ത പ്രണയമുണ്ട് ...!
മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ
ഈ മണ്ണിലേക്ക് ആര്‍ത്തലച്ച് വരുമ്പോള്‍
ഭൂമി വേനലിന്റെ വരള്‍ച്ചയിലായിരുന്നു ..
മഴയോട് എനിക്കിത്ര ഇഷ്ടവും അതിനാലാവണം ...!
അമ്മ , നിറമിഴിയോടെ മരണത്തിന്റെ നനുത്ത
പ്രതലത്തിലേക്ക് കടന്ന് പോകുമെന്ന് ഭയന്ന്
എല്ലാ കണ്ണുകളും അമ്മയുടെ കൂടെയായപ്പോള്‍
ഒറ്റപ്പെട്ട് പോയിരുന്നു ഞാന്‍ .. മരണം എന്റെ മുന്നില്‍ വന്ന്
നിഷ്കളങ്കമായി ചിരിച്ചത് എനിക്കോര്‍മയില്ല എങ്കിലും
അമ്മക്ക് വേണ്ടി എന്റെ ജീവനെടുക്കാന്‍ ഞാന്‍ അന്നു സമ്മതിക്കുമായിരുന്നു
എനിക്ക് കാര്യഗൗരവം ഉണ്ടായിരുന്നെങ്കില്‍ ..........!
ദൈവം എനിക്കെന്റെ അമ്മയേയും , അമ്മക്ക് ഈ മകനേയും
തിരികേ നല്‍കി .. ഇന്നും ഞങ്ങള്‍ക്കിടയില്‍ നില നിന്നു പോകുന്ന
സ്നേഹത്തിന്റെ കടുത്തൊരു ആവരണമുണ്ട് , ഞാന്‍ തീര്‍ത്തുമൊരു
അമ്മ കൊതിയനാണ് .. എന്റെ ആദ്യ പ്രണയവും , ന്റെ അമ്മയോട് തന്നെ
എന്തൊക്കെ നോവുകള്‍ ഉണ്ടായാലും ആ സ്നേഹമെന്നെ
വല്ലാണ്ട് സ്വാധീനിച്ചിട്ടുണ്ട് .. കരളില്‍ പതിഞ്ഞ് പോയ ആ സ്നേഹം ...!
ആ വേറിട്ട ചൂര് , എത്ര വേനലിലും മഴ തരുന്ന ഫീലാണെനിക്കമ്മ ...
ഒരു പ്രാര്‍ത്ഥന മാത്രം " ഈ ലോകത്ത് , അമ്മയില്ലാത്തൊരു നിമിഷം
പോലും എന്റെയുള്ളില്‍ ജീവന്‍ നിലനിര്‍ത്തരുതെ എന്നത് മാത്രം "
ഈ ജന്മദിനത്തിലും അമ്മയെ ഓര്‍ക്കാതെ ഞാന്‍ എന്തെഴുതാന്‍ ആണ് .....!
"എല്ലാ സ്നേഹവും , എല്ലാ ആശംസകളും ന്റെ ജീവന്റെ ജീവന് .."
എന്നു പറയുമ്പോള്‍ അച്ഛന്‍ കുട്ടി പിണങ്ങരുതെട്ടൊ .. ഞാന്‍ അമ്മയെ
ഇത്രയേറെ സ്നേഹിക്കുന്നുവെങ്കില്‍ അതിന്റെ ഉറവ തന്നെ
ആ നല്ല മനുഷനില്‍ നിന്നുമാണ് , ന്റെ പാതിയെ മറക്കുന്നില്ല ഒരിക്കലും ..!
എങ്കിലും ന്റെ അമ്മക്കുട്ടിക്ക് ... ഇന്നിന്റെ സ്നേഹം മുഴുവനും ..
അന്നിന്റെ ആ വേദനക്ക് ..
"ഐ ലവ് യൂ മൈ ഡിയര്‍ അമ്മ .. എലോട്ട് .."